ന്യൂഡല്‍ഹി: തെലങ്കാന രൂപീകരണ നീക്കത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുന്ന ചന്ദ്രബാബു നായിഡുവിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസുപത്രിയിലേക്കാണ് നായിഡുവിനെ മാറ്റിയത്. നായിഡുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ടിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞത് ആന്ധ്രാ ഭവനുമുന്നില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ഐക്യ ആന്ധ്രയ്ക്കായി അഞ്ച് ദിവസമായി ഡല്‍ഹിയിലെ ആന്ധ്രാ ഭാവന്റെ മുന്നില്‍ നിരാഹാര സമരം നടത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോഗ്യ നില വഷളായിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയത്. നായിഡുവിനെ ആശുപത്രിയിലേക്ക് മാറ്റാനായി പൊലീസ് കൊണ്ടുവന്ന ആംബുലന്‍സ് ടിഡിപി പ്രവര്‍ത്തകര്‍ തടയുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി സമരവേദിക്കു ചുറ്റും നിലയുറപ്പിക്കുകയും ചെയ്തത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.ആന്ധ്രാ ഭവനു മുന്നില്‍ അനുമതിയില്ലാതെയാണ് ചന്ദ്രബാബു നായിഡു സമരം നടത്തുന്നതെന്നും അദ്ദേഹത്തിന്റെ സമര വേദി മാറ്റണമെന്നും നേരത്തെ സര്‍ക്കാര്‍ അവശ്യപ്പെട്ടിരുന്നു.