കൊല്ലം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ ജാമ്യം നേടിയത് വ്യാജരേഖകള്‍ ഹാജരാക്കിയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.ബിജുവിന് വേണ്ടി 2010 ല്‍ ജാമ്യം നിന്നവരുടെ മേല്‍വിലാസം വ്യാജമാണെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ജാമ്യക്കാരുടേത് എന്ന മട്ടില്‍ നല്‍കിയ കരം ഒടുക്കിയ രസീതും ഇതിലെ മേല്‍വിലാസവും വ്യാജമായിരുന്നെന്നാണ് ക്രൈ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ജാമ്യത്തിനായി സമര്‍പ്പിച്ച മേല്‍വിലാസം വട്ടപ്പാറ പോത്തന്‍കോട് സ്വദേശി അജിത്കുമാറും വിതുര സ്വദേശി സഹദേവനുമായിരുന്നു. എന്നാല്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഡിവൈഎസ്പി സി.ജി. സുരേഷ് കുമാറാണ് അന്വേഷണം നടത്തിയത്. വിലാസം വ്യാജമാണെന്ന് തെളിയിക്കാന്‍ വട്ടപ്പാറ വില്ലേജ് ഓഫീസറുടേത് ഉള്‍പ്പെടെയുള്ള രേഖകളും ക്രൈ ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് ജാമ്യം നേടിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.