ഭുവനേശ്വര്‍: ഒഡിഷ തീരത്ത് ഫെയിലിൻ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഒഡിഷ സർക്കാർ ശ്രമം ആരംഭിച്ചു. ഇതിനോടകം തന്നെ തീരപ്രദേശങ്ങളിലെ നാല്പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച്ച വൈകുന്നേരത്തോടെ തീരത്തെത്തുമെന്നാണ് ആശങ്ക. ഗന്‍ജം, പുരി, കുര്‍ദ, ജഗത് സിങ്പൂര്‍ എന്നീ ജില്ലകളിലായിരിക്കും കാറ്റ് കൂടുതല്‍ നഷ്ടം വിതക്കുകയെന്നാണ് കരുതുന്നത്. ദുരന്തനിവാരണത്തിനായി ഒഡീഷ സര്‍ക്കാര്‍ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ദ്രുതകര്‍മ സേനയുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പതിനാല് ജില്ലകളില്‍ ദുര്‍ഗാ പൂജയ്ക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കി. ആന്ധ്രയിലും ഒഡീഷയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്. ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ പാരദ്വീപിനും ഇടയിൽ കാറ്റു വീശുമെന്നുമാണ് പ്രവചനം. മണിക്കൂറിൽ 205 മുതൽ 215 കിലോമീറ്റർ വരെ വേഗത്തിലാകും കാറ്റു വീശുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ചുഴലിക്കൊടുങ്കാറ്റായി മാറിയത്. പാരദ്വീപ് തുറമുഖത്തുനിന്ന് 1250 കിലോമീറ്റർ അകലെ രൂപംകൊണ്ട് കരയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ശനിയാഴ്ച വൈകുന്നേരം ഒഡിഷ​- ആന്ധ്ര തീരത്തെത്തും. വരും ദിവസങ്ങളിൽ ഒഡിഷയിൽ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. 2007,2008,2011 വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ സംസ്ഥാനത്തെ വേട്ടയാടിയപ്പോഴും ദുരന്തനിവാരണത്തിന് സൈന്യത്തിന്റെ സേവനം ഒഡീഷയ്ക്ക് ലഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ചുഴിലിക്കാറ്റ് ജനങ്ങളുടെ ജീവനും സ്വത്ത്‌വകകള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയേക്കുമെന്നാണ് കരുതുന്നത്.
ദുരന്തം മുന്നില്‍കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവരോട് കൂടുതല്‍ സുരക്ഷിതമായ മേഖലകളിലേക്ക് മാറിതാമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.