ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെപ്പ്. മെന്താര്‍, ബലാകോട്ട് സെക്ടറുകളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ നിരവധി തവണ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.നിയന്ത്രണരേഖ മറികടന്ന് എത്തിയ പാക് സൈനികര്‍ ഇന്നലെയും വെടിയുതിര്‍ത്തിരുന്നു.10 വര്‍ഷം മുന്‍പാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഈ വര്‍ഷം 128 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്.