കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോയ് കൈതാരം നല്‍കിയ ഹർജിയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വെള്ളിയാഴ്ച തള്ളിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തതായും അത് പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചതായും അഡ്വക്കേറ്റ് ജനറൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

സരിതയുമായി സോളാർ ഇടപാടിൽ ഏർപ്പെടാൻ ശ്രീധരൻ നായരെ മുഖ്യമന്ത്രി പ്രേരിപ്പിച്ചതായി തെളിവില്ല. ഇനി അങ്ങനെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഒരു വഞ്ചനാ കുറ്റമായി കാണാനാവില്ല. മാത്രമല്ല ശ്രീധരൻ നായരെ സരിതയുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ആണെന്നതിന് പര്യാപ്തമായ തെളിവുകൾ ഇല്ലെന്നും ജസ്റ്റീസ് ഹാരൂൺ അൽ റഷീദ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം ഏത് രീതിയിൽ കൊണ്ടു പോകണം എന്നുള്ളത് അന്വേഷണ സംഘത്തിന്റെ അധികാരമാണ്. അതിൽ ആർക്കും ഇടപെടാനാകില്ല. അന്വേഷണത്തിൽ വീഴ്ച വന്നാൽ ബന്ധപ്പെട്ട മജിസ്ട്രേട്ടിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.