ന്യൂയോര്‍ക്ക് : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് (ഒപിസിഡബ്ല്യു).സിറിയയില്‍ നടന്ന വിഷവാതക ആക്രമണ പശ്ചാത്തലത്തില്‍ ഈ നൊബേല്‍ സമ്മാനം ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. 1997ലാണ് ഒപിസിഡബ്ല്യൂ രൂപീകരിക്കുന്നത്. ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന രാസായുധങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

ആഗസ്തില്‍ സിറിയയിലെ ദമാസ്‌കസിലും പരിസരങ്ങളിലും സരിന്‍ എന്ന വിഷവാതകം ഉപയോഗിച്ച് നടത്തിയ രാസായുധാക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. ഒപിസിഡബ്ല്യുവിന്റെ ഇടപെടലിന്റെ ഫലമായാണ് 2014 പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കാന്‍ സിറിയയിലെ വിമതരും സര്‍ക്കാരും തീരുമാനമെടുത്തത്. ആക്രമണത്തിന് ഉത്തരവാദി സര്‍ക്കാരല്ലെന്ന് പറഞ്ഞ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ആക്രമണത്തിനുപിന്നില്‍ വിമതര്‍ ആണെന്ന് ആരോപിക്കാതെ ഒപിസഡബ്ല്യു നിരീക്ഷകരെ സിറിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. നെതര്‍ലണ്ടിലെ ഹേഗ് ആസ്ഥാനമായുള്ള ഒപിസിഡബ്ല്യുവില്‍ ഇന്ത്യയുള്‍പ്പെടെ 189 രാജ്യങ്ങളിലെ പ്രതിനിധികളുണ്ട്.

1400 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന സിറിയന്‍ സര്‍ക്കാരിന്‍റെ തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ ഒപിസിഡബ്ല്യു വിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് പിന്നാലെയാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.രാസായുധങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയായ രാസായുധ കണ്‍വെന്‍ഷനാണ് ഒപിസിഡബ്ല്യുവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്ന്. രാസായുധങ്ങളുടെ ഉപയോഗം തടയുക, രാസായുധങ്ങള്‍ നിരോധിക്കുക, രാസായുധങ്ങളുടെ നിര്‍മ്മാണം തടയുക, രാസായുധങ്ങള്‍ നശിപ്പിക്കുക തുടങ്ങിയവയാണ് രാസായുധ കണ്‍വെന്‍ഷന്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍.