ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ വാക്‌സിനായ പെന്റാവാലന്റ് സുരക്ഷിതമെന്ന് വിദഗ്ധ സമിതി. കുട്ടികളുടെ മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി.പെന്റാവലന്റ് വാക്‌സിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചത്. കേരളത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ രാജ്യത്ത് 21 കുട്ടികള്‍ മരിച്ചെന്നാണ് ആരോപണം. 2011ലാണ് രാജ്യത്ത് പെന്റാവലന്റ് വാക്‌സിന് ഉപയോഗിച്ച് തുടങ്ങിയത്. ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റീസ് ബി തുടങ്ങി ശിശുരോഗങ്ങള്‍ പ്രതിരോധിക്കാനാണ് വാക്‌സിന്‍ നല്‍കിവരുന്നത്.സെപ്തംബര്‍ 23ന് ചേര്‍ന്ന ദേശീയ ഉപദേശക സമിതി പെന്റാവാലന്റ് വാക്‌സിന്‍ ദേശീയ വ്യാപകമായി കുട്ടികള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.