ജിദ്ദ: വിശുദ്ധഹജ്ജിന്റെ തിരുചടങ്ങുകള്‍ ആരംഭിക്കാന്‍ രണ്ടുനാള്‍മാത്രം ബാക്കിനില്‍ക്കെ ജീവിതത്തില്‍ ഒരിക്കല്‍മാത്രം നിര്‍ബന്ധമുള്ള കര്‍മങ്ങളുടെ ആത്മീയാരവങ്ങളിലേക്ക് പുറപ്പെടാന്‍ തീര്‍ഥാടകലക്ഷങ്ങള്‍ ഒരുങ്ങുകയാണ്.യൗം തര്‍വിയ ആചരിച്ച് ദുല്‍ഹജ് ഞായറാഴ്ച ഹാജിമാര് മിനായില്‍ തമ്പടിക്കും. തിങ്കളാഴ്ചയിലെ അറഫാ സംഗമത്തിന് മുന്നോടിയായിട്ടാണ് മിനായിലെ കേന്ദ്രീകരണം. ഇതിനായി മക്കയില്‍നിന്നും സൗദിയുടെ എല്ലാ മുക്കും മൂലകളില്‍നിന്നുമുള്ള തീര്‍ഥാടകര്‍ മിനായിലേക്ക് പ്രയാണം തുടങ്ങി. കരമാര്‍ഗം എത്തിയ വിദേശഹാജിമാരും ഹജ്ജ് കേന്ദ്രങ്ങളിലേക്കുള്ള വഴികളിലാണ്.
സര്‍ക്കാര്‍ക്വാട്ടയില്‍ എത്തിയ ഇന്ത്യന്‍ഹാജിമാര്‍ ശനിയാഴ്ച ഇഷാ നിസ്‌കാരത്തിനുശേഷം മക്കയില്‍നിന്ന് മിനായിലെ തമ്പുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും.

സ്വകാര്യഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാര്‍ മദീനയില്‍ നിന്ന് ഹജ്ജ്‌വേഷം ധരിച്ച് മക്കയിലേയും അസീസിയയിലേയും താമസസ്ഥലങ്ങളിലേക്കുള്ള വഴിയിലാണ്.
മിനായില്‍ എല്ലാ കേന്ദ്രക്കമ്മിറ്റി ഹാജിമാര്‍ക്കും ട്രെയിന്‍സൗകര്യം ഉറപ്പായിട്ടുണ്ട്. മിനായിലെ ഒന്ന്, രണ്ട് സെക്ഷനുകളാണ് ഇന്ത്യന്‍തീര്‍ഥാടകര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതുപോലെ, പതിനേഴും പതിനെട്ടും തിയ്യതികളിലായിട്ടായിരിക്കും ഇന്ത്യന്‍ ഹാജിമാര്‍ മിനായില്‍നിന്ന് മടങ്ങുക. ഇന്ത്യന്‍ ഹാജിമാരെ സേവിക്കുന്ന മൊത്തം 34 സ്ഥാപനങ്ങളില്‍ പകുതി പതിനേഴിനും പകുതി പതിനെട്ടിനും ആയിരിക്കും മടങ്ങുക. വൈകി മടങ്ങുന്നവര്‍ക്കുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും മിനായില്‍ അവസാനദിവസവും ഏര്‍പ്പെടുത്തുന്നതായിരിക്കും.