തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ അവാർഡിന് അത്‌ലറ്റ് ടിന്റു ലൂക്കയും ബാഡ്മിന്റൺ താരം വി.ദിജുവും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവ‌ാർഡ്. വോളിബോള്‍ താരം ടോം ജോസഫിനെ സംസ്ഥാന സര്‍ക്കാരുംതഴഞ്ഞു. ടോം ജോസിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നാണ് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജിവി രാജ അവാര്‍ഡിന് പരിഗണിക്കാതെ ടോം ജോസഫിനെ തഴയുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്.അഞ്ച് വര്‍ഷമായി ജിവി രാജ പുരസ്‌കാരത്തിന് ടോം ജോസഫ് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും പരിഗണനാ പട്ടികയില്‍ ടോം ജോസഫിനെ ഉള്‍പ്പെടുത്തിയില്ല.

ടോം ജോസിനെ ജി.വി രാജ പുരസ്‌കാരത്തിന് പരിഗണിക്കാത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ടോം ജോസിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തന്നെ കേരളവും തഴഞ്ഞുവെന്നതില്‍ ഏറെ വിഷമമുണ്ടെന്നാണ് ടോം ജോസ് പ്രതികരിച്ചത്.