ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു. ബിര്‍ളയ്ക്ക് പുറമെ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി പരേഖ്, ബിര്‍ള നേതൃത്വം നല്‍കുന്ന അലുമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോ,പൊതുമേഖലാ സ്ഥാപനമായ നാല്‍കോ എന്നിവയ്‌ക്കെതിരെയും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് 14ാം എഫ്‌ഐആറിലാണ് ബിര്‍ളയ്‌ക്കെതിരെ കേസെടുത്തത്.വ്യവസായി നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ ചോദ്യംചെയ്തിരുന്നു. 12ാം എഫ്‌ഐആറില്‍ ജിന്‍ഡിലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കല്‍ക്കാരിപ്പാടം കൈമാറ്റത്തിനായി ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നില്ലെന്ന് എഫ്‌ഐആറില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബിര്‍ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിര്‍ളയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട് ഭുവനേശ്വര്‍ ,മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഹിന്‍ഡാല്‍കോ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. 2006 മുതല്‍ 2009 വരെ കാലയളവില്‍ കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് 14 എഫ്.ഐ.ആറാണ് സി.ബി.ഐ. ഇതുവരെ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 68 കല്‍ക്കരിപ്പാടങ്ങള്‍ 151 കമ്പനികള്‍ക്കാണ് നല്‍കിയത്. അന്വേഷണത്തിനിടെ, സി.ബി.ഐ. ആവശ്യപ്പെട്ട ചില ഫയലുകള്‍ കാണാതായെന്ന മന്ത്രാലയത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കോടതിയും സി.ബി.ഐ.യും തയ്യാറായിട്ടില്ല. കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്തതില്‍ പൊതുഖജനാവിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയത്.