ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ രാവിലെ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്ക്കാരം നടന്നു. ലോക സമാധാനത്തിനായി എല്ലാ മതവിശ്വാസികളും പ്രയത്നിക്കണമെന്ന് ഇമാമുമാര്‍ പെരുന്നാള്‍ സന്ദേശം നല്‍കി. പ്രത്യേകം സജ്ജീകരിച്ച അറവുശാലകളില്‍ മൃഗബലി നടന്നു. അബുദാബി ശൈഖ് സയിദ് ഗ്രാന്‍ഡ് മോസ്കില്‍ രാവിലെ 6.35 ന് ആയിരുന്നു പെരുന്നാള്‍ നമസ്കാരം. അബുദാബി കിരീട അവകാശിയും യു .എ .ഇ സായുധസേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പടെ നിരവധി ഭരണതലവന്‍മാര്‍ പെരുന്നാള്‍ നമസ്കാരങ്ങളില്‍ പങ്കെടുത്തു.

കേരളാ ഇസ്ലാമിക് അസോസിയേഷന്‍ , ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ , മസ്കത്ത് ഇസ്ലാഹി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചിരുന്നു മസ്കത്ത് ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാല അല്‍ റുസിഖി മൈതാനിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഖത്തര്‍, സൌദി, ബഹ്റൈന്‍ കുവൈത്ത് എന്നിവിടങ്ങളിലും രാവിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.