ന്യൂഡല്‍ഹി: ദിബ്രുഗര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു.അസമിലെ ഗുവാഹട്ടിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ധരംതുല്‍ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിനിലെ രണ്ടു പാന്‍ട്രി കാറുകളില്‍ ഒന്നില്‍ നിന്നുമാണ് ട്രെയിനിന് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ദിബ്രുഗര്‍ ടൗണ്‍ ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് തീപിടിച്ചത്. റെയില്‍വെ സ്‌റ്റേഷന് സമീപമായിരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് പെട്ടെന്ന് തന്നെ സംഭവ സ്ഥലത്ത് എത്താനും തീ നിയന്ത്രണ വിധേയമാക്കാനും സാധിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് 8.30ന് ദിബ്രുഗറില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാവിലെ 6.40ന് ഗുവാഹട്ടിയില്‍ എത്തി ചേരേണ്ടതായിരുന്നു.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.