ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി ഭരണഘടനയുടെ 81 ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ തയ്യാറാക്കുന്നുണ്ട്. പാക് അധിനിവേശ കശ്മീരിന്‍മേലുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ശക്തി പകരാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ജമ്മു-കശ്മീര്‍ നിയമസഭയില്‍ ഇപ്പോള്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം പാകിസ്താന്റെ കീഴിലായതിനാല്‍ ഈ സീറ്റുകള്‍ സാങ്കല്‍പ്പികമായി മാത്രമാണ് നിലനില്‍ക്കുന്നത്. നിയമസഭയിലെ മൊത്തം അംഗസംഖ്യയെ സൂചിപ്പിക്കുമ്പോള്‍ ഈ സീറ്റുകള്‍ കണക്കിലെടുക്കാറുമില്ല. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനാലാണ് ആളില്ലെങ്കിലും ഈ സീറ്റുകള്‍ മാറ്റിവെക്കുന്നത്. ഇതേ രീതിയില്‍ ഒരു ലോകസ്ഭാ സീറ്റ് പാക് അധിനിവേശ കശ്മീരിനായി മാറ്റിവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

പാക് അധീന കശ്മീരിന്റെ നിയന്ത്രണം പാകിസ്ഥാനാണ്.ആഭ്യന്തര ജോയിന്റ് സെക്രട്ടറി ആര്‍.കെ. ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയാറാക്കി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാക് അധീന കശ്മീരിന് ലോക്‌സഭാ സീറ്റ് അനുവദിക്കുന്നതിനുള്ള നിയമ സാധുതകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്.