മുംബൈ : ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കറിന്റെ അവസാന ടെസ്റ്റ് മത്സരത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകും. ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാമത്തെ ടെസ്റ്റാണ് വാങ്കഡെയിൽ നടക്കുക. നവംബർ 14 മുതൽ 18വരെയാണ് മത്സരം.

ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ വച്ച് വിടപറയണമെന്ന് സച്ചിൻ നേരത്തെ ബി.സി.സി.ഐയ്ക്ക് നൽകിയ കത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബിസിസിഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് യോഗമാണ് മത്സരങ്ങളുടെ വേദികള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.റെട്ടേഷന്‍ രീതി പ്രകാരം ഗുജറാത്തിലായിരുന്നു മത്സരം നടത്തേണ്ടത്. എന്നാല്‍ സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സാഹചര്യമായതിനാല്‍ സച്ചിന്റെ ആഗ്രഹ പ്രകാരം മത്സരം വാങ്കഡെയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാകും നടക്കുക.

1989 നവംബർ 15ന് കറാച്ചിയിൽ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ്. 198 ടെസ്റ്റുകളിൽ നിന്ന് 15837 റൺസ്, 51 സെഞ്ച്വറികൾ, 67 അർദ്ധ സെഞ്ച്വറികൾ എന്നിവയാണ് സച്ചിന്റെ സമ്പാദ്യം. 248 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. 45 ടെസ്റ്റ് വിക്കറ്റുകളും സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്.