ന്യൂയോര്‍ക്ക്: ശൈശവ വിവാഹം മനുഷ്യാവകാശ ലംഘനമെന്ന യുഎന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിട്ടില്ല.ദക്ഷിണേഷ്യയില്‍ നിന്ന് മാലി ദ്വീപ് മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രമേയം 107 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സാക്കി. സെപ്തംബര്‍ 27ന് ജനീവയില്‍ ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 24ാമത് യോഗമാണ് നിര്‍ബന്ധിതവും നേരത്തെയുള്ളതുമായ കുട്ടികളുടെ വിവാഹം മനുഷ്യാവകാശ ലംഘനമാണെന്ന പ്രമേയം അംഗീകരിച്ചത്. ശൈശവ വിവാഹം മാത്രം പരിഗണിക്കുന്ന യുഎന്നിന്റെ ആദ്യ പ്രമേയമാണിത്.ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ദക്ഷിണേഷ്യയില്‍ നിന്ന് മാലിദ്വീപിന്റെ പിന്തുണ പ്രമേയത്തിനുണ്ടായിരുന്നു. യെമന്‍, മലേഷ്യ, എത്യോപ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചവരുടെ പട്ടികയില്‍ ഉണ്ട്.

സൈറാലിയോണ്‍ സ്ഥാനപതിയാണ് പ്രമേയം അവതരിപ്പിച്ചത്. ശനിയാഴ്ച വരെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അവസരം ഉണ്ടായിരുന്നു.ഐക്യരാഷ്ട്ര സംഘടനയുടെ സഹസ്രാബ്ദ വികസന ലക്ഷ്യത്തിന്റെ രണ്ടായിരത്തി പതിനഞ്ചാനന്തര ചര്‍ച്ചയില്‍ പ്രമേയം ഉള്‍പ്പെടുത്തണമെന്ന് യുഎന്‍എച്ച്ആര്‍സി ആവശ്യപ്പെടുന്നു.അടുത്ത വര്‍ഷം ചേരുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 26ാം യോഗത്തില്‍ ശൈശവ വിവാഹം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയുണ്ടാകും. അതിന് മുന്‍പ് അംഗരാജ്യങ്ങള്‍, സന്നദ്ധ സംഘടനകള്‍, യുഎന്നിന്റെ വിവിധ ഏജന്‍സികള്‍ എന്നിവയുമായി യുഎന്‍എച്ച്ആര്‍സി ഹൈകമ്മീഷണര്‍ ചര്‍ച്ച ചെയ്ത് യോഗത്തില്‍ അവതരിപ്പിക്കേണ്ട പേപ്പര്‍ തയ്യാറാക്കും.പ്രമേയത്തെ ഇന്ത്യ എന്തുകൊണ്ട് അനുകൂലിച്ചില്ലെന്ന് വ്യക്തമല്ല. ശൈശവ വിവാഹ നിരോധനത്തിന് നിയമമുള്ള രാജ്യമാണ് ഇന്ത്യ.