ദാതിയ: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്രപരിസരത്ത് തിരക്കില്‍പെട്ട് മരിച്ചവരുടെ എണ്ണം 115 ആയി.മരിച്ചവരില്‍ മുപ്പതിലേറെ കുട്ടികളും ഉള്‍പ്പെടുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുര്‍ഗാ പൂജക്കെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ടത്.ഞായറാഴ്ച രാവിലെ ഒന്‍പതോടെ ക്ഷേത്രത്തിലേക്കു പോകാന്‍ നൂറുകണക്കിനാളുകള്‍ ഒരു പാലം കടക്കുമ്പോഴാണ് സംഭവം. സിന്ധു നദിക്കു കുറുകെ ക്ഷേത്രത്തിലേക്കു നിര്‍മിച്ച ഈ പാലം തകരാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായതോടെ തിക്കുംതിരക്കുമുണ്ടാവുകയായിരുന്നു. വരിതെറ്റിക്കാന്‍ ശ്രമിച്ച ചിലരെ പോലീസ് ലാത്തികൊണ്ട് നേരിട്ടതാണ് അപകടകാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ സര്‍ക്കാര്‍ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കുകളുള്ളവര്‍ക്ക് 25,000 രൂപയും സഹായമായി നല്‍കും.

സമീപത്തെ ഡാം തുറന്നതിനെത്തുടര്‍ന്ന് സിന്ധു നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ 2006-ല്‍ ഇതേ സ്ഥലത്ത് 56 പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നദിക്കു കുറുകെ ക്ഷേത്രത്തിലേക്ക് പാലം നിര്‍മിച്ചത്.രത്തന്‍ഗഢിലെ ഈ ദുര്‍ഗാക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഏറെ പ്രശസ്തമാണ്. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു ഭക്തരാണ് ഇവിടെ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്.