ക്വലാലമ്പൂര്‍: ഇസ്‌ലാം മതവിശ്വാസികളല്ലാത്തവര്‍ ദൈവത്തെ സൂചിപ്പിക്കുന്ന ‘അള്ളാഹു’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ സുപ്രീംകോടതി. മുസ്‌ലിങ്ങളല്ലാത്തവര്‍ ഈ പേര് ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആര്‍ക്കുവേണമെങ്കിലും അള്ളാഹു എന്ന പദം ഉപയോഗിക്കാമെന്ന 2009-ലെ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.’അള്ളാഹു’ എന്ന പദം മലയ് ഭാഷയിലെ ചില ക്രിസ്ത്യന്‍ പത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

2009-ല്‍ ‘ദ ഹെറാള്‍ഡ്’ എന്ന ക്രിസ്ത്യന്‍ പത്രം ഇപ്രകാരം ഉപയോഗിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പത്രത്തിനനുകൂലമായിരുന്നു വിധി. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.