തൂത്തുക്കുടി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ ആയുധങ്ങളുമായി പോകുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു.അമേരിക്കയിലെ സെക്യൂരിറ്റി സ്ഥാപനമായ അഡ്‌വാന്‍ഫോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.
പത്ത് കപ്പല്‍ ജീവനക്കാരും 25 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 35 പേരാണ് എം വി സീമാന്‍ ഓഹിയോ എന്ന കപ്പലില്‍ ഉള്ളത്. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്. ആയുധ ശേഖരവുമായി തൂത്തുക്കുടിയില്‍ പിടിയിലായ കപ്പല്‍ കൊച്ചിയില്‍ പരിശോധിച്ചിരുന്നെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ആയുധങ്ങളില്ലെന്ന് കണ്ടതിനാല്‍ വിട്ടയക്കുകയായിരുന്നു. ഒന്നരമാസത്തിനുശേഷം കപ്പലില്‍ ആയുധങ്ങളെത്തിയതെങ്ങനെയെന്ന് അന്വേഷിക്കുമെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ കൊച്ചിയില്‍ അറിയിച്ചു.

തൂത്തുക്കുടിയില്‍നിന്നും 15 നോട്ടിക്കല്‍മൈല്‍ അകലെക്കൂടി സഞ്ചരിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ശനിയാഴ്ച കപ്പല്‍ പിടികൂടിയത്. നിരവധി അയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ ഉണ്ടായിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൊണ്ടുപോയതിന് കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കപ്പല്‍ ഉപയോഗിച്ച് ആയുധക്കടത്ത് നടത്തിയതാണോയെന്നാണ് അധികൃതര്‍ പ്രധാനമായും അന്വേഷിക്കുന്നത്.കപ്പലിന്റെ യാത്രയിലും പല ദുരൂഹതകളുമുണ്ട്. ഏറ്റവുമവസാനം കപ്പൽ അടുത്ത തുറമുഖമായി കാണിച്ചിരിക്കുന്നത് ഷാർജയും ഏറ്റവുമവസാനം യാത്ര ചെയ്തത് അറബിക്കടലിലാണെന്നുമാണ് ഉപഗ്രഹവിവരങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ കപ്പൽ കൊച്ചിയിലും തമിഴ്നാട്ടിലുമൊക്കെ അടുത്തിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽവച്ചാണ് പിടിയിലായതും.

തൂത്തുക്കുടി ജില്ലാ കളക്ടര്‍ എം രവികുമാര്‍ തിങ്കളാഴ്ച കപ്പലില്‍ പരിശോധന നടത്തിയിരുന്നു. ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിച്ചതെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.