കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ മുതിർന്ന ജഡ്ജിമാരടങ്ങിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സമിതിയിൽ ജസ്റ്റീസുമാരായ തോട്ടത്തിൽ ബി.രാധാകൃഷ്ണൻ,​ കെ.ടി.ശങ്കരൻ,​ എസ്.സിരിജഗൻ,​ ടി.ആർ.രാമചന്ദ്രൻ നായർ എന്നിവരാണ് അംഗങ്ങൾ.

ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് അസോസിയേഷനുകൾ അടക്കമുള്ള സംഘടനകൾ നൽകിയ അപേക്ഷകൾ സമിതി പരിഗണിക്കും. ഒരു ദശാബ്ദ കാലമായി കേരളം ആവശ്യപ്പെട്ടു വരുന്നതാണ് തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നുള്ളത്. 2009ൽ കേന്ദ്ര മന്ത്രി ശശി തരൂർ ഹൈക്കോടതി ബെഞ്ചിനായി മുൻകൈ എടുത്തിരുന്നു. ഇതിനായി പാർലമെന്റിൽ സ്വകാര്യ ബിൽ കൊണ്ടുവരാനും തരൂർ ശ്രമിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് നേരത്തെ ഹൈക്കോടതി ബെഞ്ച് ഉണ്ടായിരുന്നതാണെങ്കിലും പിന്നീട് തിരു-കൊച്ചി വിഭജനം വന്നതോടെ ഹൈക്കോടതി കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. അത് പുന:സ്ഥാപിക്കണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.