ന്യൂഡൽഹി: കൽക്കരി ബ്ളോക്കുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെതിരെ കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പി.സി.പരേഖ് രംഗത്ത്. ഹിൻഡാൽകോയ്ക്ക് കൽക്കരി ബ്ളോക്ക് അനുവദിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ കേസിൽ ഒന്നാം പ്രതിയാകേണ്ടത് പ്രധാനമന്ത്രിയാണെന്ന് പരേഖ് പറഞ്ഞു. പ്രധാനമന്ത്രിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇന്നലെ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബി‍ർളയ്ക്കും പരേഖിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഏല്പിച്ച ചുമതലകൾ വിശ്വാസപൂ‌ർവം ചെയ്ത തന്നെ സംശയിക്കുന്ന സി.ബി.ഐ സംശയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കൽക്കരി മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് താൻ ശ്രമിച്ചതെന്നും പരേഖ് പറഞ്ഞു. ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അലുമിനിയം കമ്പനിയായ ഹിൻഡാൽകോയ്‌ക്ക് ഒഡിഷയിലെ ജാർസുഗുഡ ജില്ലയിലുള്ള താലബിറ-2 എന്ന കൽക്കരി ബ്ളോക്ക് അനുവദിച്ചത് ക്രമവിരുദ്ധമായാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.