ലണ്ടന്‍: 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്റ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് പുരസ്‌കാരം.മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ഇരുപത്തെട്ടുകാരിയായ കാറ്റന് സ്വന്തം. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നോവലാണ് 852 പേജുള്ള ദ ലുമിനറിസ്. കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്.19ാം നൂറ്റാണ്ടിലെ ന്യൂസിലാന്റാണ് നോവലിന്റെ പശ്ചാത്തലം.വിക്ടോറിയന്‍ കാലഘട്ടത്തില്‍ ന്യൂസിലന്‍ഡില്‍ നിലനിന്നിരുന്ന സ്വര്‍ണ്ണവേട്ടകളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ലൂമിനറീസ് കാറ്റന്റെ രണ്ടാമത്ത നോവലാണ്. ഈ വര്‍ഷം സപ്തംബറിലാണ് ഇത് പുറത്തിറങ്ങിയത്.

ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ലുമിനറിസ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.2008 ല്‍ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് കാറ്റന്റെ ആദ്യ നോവല്‍. ഈ കൃതി 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലുമിനറിസ് കാറ്റന്റെ രണ്ടാം നോവലാണ്. ഈ നോവല്‍ എഴുതി തുടങ്ങുമ്പോള്‍ 25 വയസ്സായിരുന്നു കാറ്റന്റെ പ്രായം.സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് സമ്മാനത്തുക.