മനില: മദ്ധ്യ ഫിലിപ്പൈന്‍സില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 110 ആയി. പള്ളികളും ആശുപത്രികളും അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പം മധ്യ ഫിലിപ്പൈന്‍സിലെ കാര്‍മെന്‍ നഗരത്തെ പിടിച്ചുലച്ചു.പ്രാദേശികസമയം 8.12നാണ് ഭൂചലനമുണ്ടായത്. കാര്‍മന്‍ നഗരത്തില്‍നിന്ന് 33 കിലോമീറ്റര്‍ അകലെ ബോഹോള്‍ ദ്വീപാണ് പ്രഭവകേന്ദ്രം. ജനസാന്ദ്രതയേറിയ സെബു നഗരത്തിലും ഭൂചലനം കനത്തനാശം വിതച്ചു. ഇവിടെ മത്സ്യബന്ധനതുറമുഖവും കച്ചവടകേന്ദ്രവും തകര്‍ന്നു.രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്‌ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ രക്ഷാപ്രവര്‍ത്തകര്‍. ബൊഹോളില്‍ നിന്ന്‌ 100ഓളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. റോഡുകളും പാലങ്ങളും തകര്‍ന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

ബൊഹോള്‍ നഗരത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള നിരവധി പള്ളികളും കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞു. വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കായി താത്‌കാലിക അഭയകേന്ദ്രങ്ങള്‍ അധികൃതര്‍ നിര്‍മിച്ചിട്ടുണ്‌ട്‌. ഇവിടേക്ക്‌ ആളുകളെ മാറ്റുന്ന നടപടി പുരോഗമിക്കുന്നു. ഫെറി, എയര്‍ലൈന്‍ സര്‍വീസുകള്‍ താത്‌കാലികമായി പുനരാരംഭിച്ചിട്ടുണ്‌ട്‌. ഭൂകമ്പത്തെത്തുടര്‍ന്ന്‌ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്‌ട്‌.