jayaram rajasenan fight

നടന്‍ ജയറാം വന്നവഴി മറക്കുന്നവനാണെന്ന് സംവിധായകന്‍ രാജസേനന്‍. ജയറാമെന്ന നടന്റെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയ സംവിധായകനാണ് താനെന്നും അഭിനയിച്ച എല്ലാ സിനിമകളും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയില്‍ നില്‍ക്കുകയായിരുന്ന ജയറാമിനെ രക്ഷിച്ചത് തന്‍റെ ചിത്രമായ കടിഞ്ഞൂല്‍ കല്യാണമായിരുന്നുവെന്നും രാജസേനന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ജയറാമിനെതിരെ ആഞ്ഞടിച്ചത്. സിനിമകളില്ലാത്ത സമയങ്ങളില്‍ ജയറാമിന് നല്ല സിനിമകള്‍ നല്‍കിയത് താനാണെന്നും രാജസേനന്‍ വ്യക്തമാക്കി.

ജയറാം പിന്നിട്ട വഴികള്‍ മറക്കുകയാണെന്നും ജയറാമിന് ഇപ്പോള്‍ ഈഗോ ആണെന്നും രാജസേനന്‍ ആരോപിച്ചു. ഇപ്പോള്‍ ജയറാം മറ്റൊരാളായി മാറിയിരിക്കുകയാണ്. താന്‍ ഫോണില്‍ സംസാരിച്ചാല്‍പ്പോലും ഒരുമിനിറ്റാവുമ്പോഴേക്കും പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ജയറാം കോള്‍ കട്ടുചെയ്യും. താന്‍ ഡേറ്റ് ചോദിക്കുമോ എന്ന് പേടിച്ചിട്ടാണ് ജയറാം ഇത്തരത്തില്‍ പെരുമാറുന്നതെന്നും രാജസേനന്‍ പറയുന്നു.ഇനി രാജസേനന്‍ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ജയറാം തന്നെ ഇങ്ങോട്ട് വന്ന് സമീപിക്കണമെന്നും രാജസേനന്‍ പറയുന്നു.