ന്യൂഡ‌ൽഹി: ഡോ.കസ്തൂരി രംഗൻ,​ മാധവ് ഗാഡ്ഗിൽ സമിതികളുടെ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങി. ഇതിന്റെ ഭാഗമായി പശ്ചിമഘട്ട മലനിരകളുടെ 60,​000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കും. ഈ മേഖലയിൽ ഖനനം,​ ക്വാറികളുടെ പ്രവർത്തനം,​ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം,​ കെട്ടിടങ്ങളുടെയും ടൗൺഷിപ്പുകളുടെയും നിർമ്മാണം തുടങ്ങിയവ അനുവദിക്കില്ല. ഇവയല്ലാതെയുള്ള മറ്റു പദ്ധതികൾ നടപ്പാക്കുന്നതിന് ഗ്രാമസഭകളുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്. ഉത്തരവിന്റെ കരട് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

പശ്ചിമഘട്ട മേഖലയുടെ 37 ശതമാനം സ്ഥലമാണ് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുന്നതോടെ കേരളത്തിലെ അതിരപ്പള്ളി,​ കർണാടകയിലെ ഗുണ്ടിയ ജലവൈദ്യുത പദ്ധതികൾക്ക് അനുമതി നൽകേണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി പുതിയ അപേക്ഷ സമർപ്പിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. അതിരിപ്പിള്ളിയിൽ 163 മെഗാവാട്ടും,​ ഗുണ്ടിയയിൽ 400മെഗാവാട്ട് വൈദ്യുതി ഉല്പാദനവുമാണ് ലക്ഷ്യമിട്ടിരുന്നത്.ഉത്തരവ് നിലവില്‍ വന്നാല്‍ 20,000 ചതുരശ്ര മീറ്ററിലധികമുള്ള കെട്ടിടങ്ങള്‍ക്കോ ടൗണ്‍ഷിപ്പുകള്‍ക്കോ ഈ മേഖലകളില്‍ അനുമതി ലഭിക്കില്ല. വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും മന്ത്രാലയം തള്ളിയിട്ടുണ്ട്.