വാഷിംഗ്ടണ്‍: അമേരിക്കയില്‍ 16 ദിവസമായി തുടര്‍ന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി.സാമ്പത്തിക അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനും കടമെടുപ്പു പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ചും യുഎസ് സെനറ്റില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തമ്മില്‍ ഉഭയകക്ഷി ധാരണയായി. കടമെടുപ്പുപരിധി ഉയര്‍ത്താനാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച ബില്ല് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പാസാക്കി. 18നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്ല് സെനറ്റ് പാസാക്കിയത്.

ബില്ല് ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭകൂടി പാസാക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. കടമെടുക്കല്‍ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെയാണ് സെനറ്റ് ബില്ല് പാസാക്കിയത്. ഫെബ്രുവരി ഏഴു വരെ കടമെടുപ്പ് പരിധി ഉയര്‍ത്താനാണ് ബില്ല് അനുസരിച്ച് ധാരണയായിരിക്കുന്നത്. ദിവസങ്ങളായി നടന്നുവന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. സെനറ്റ് ബില്ല് പാസാക്കിയെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അമേരിക്കയുടെ നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുകയാണ് ഇതില്‍ പ്രധാനമെന്നും ഒബാമ വ്യക്തമാക്കി.

പ്രതിസന്ധി തീര്‍ന്നതില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡെമോക്രാറ്റ് നേതാവ് ഹാരി റീഡ് സന്തോഷം പ്രകടിപ്പിച്ചു. രാജ്യം വലിയ ഒരു ദുരന്തത്തിന്റെ അരികിലേക്ക് എത്തിയിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒബാമയുടെ ആരോഗ്യസഹായപദ്ധതിക്കു (ഒബാമ കെയര്‍) പണം അനുവദിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ തയാറാകാഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. ഒബാമ കെയറിനു പണം അനുവദിക്കാതെയാണു ജനപ്രതിനിധി സഭ ധനവിനിയോഗബില്‍ പാസാക്കിയത്. ഇതു ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്നു പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതല്‍ യുഎസ് ഗവണ്‍മെന്റിനു പ്രവര്‍ത്തിക്കാന്‍ പണം ഇല്ലാതായി. ഇതിന്റെ ഫലമായി 21 ലക്ഷത്തില്‍പ്പരം ഗവണ്‍മെന്റ് ജീവനക്കാരില്‍ എട്ടുലക്ഷത്തോളം പേര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവന്നു. സൈന്യവും അത്യാവശ്യ സേവന വിഭാഗങ്ങളും മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്. പതിനേഴുവര്‍ഷത്തിനു ശേഷമായിരുന്നു അമേരിക്ക ഇങ്ങനെയൊരു അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചത്. വായ്പാ പരിധി 16.7 ലക്ഷം കോടി ഡോളറാക്കി ഉയര്‍ത്തിയാണ് ഇപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുന്നത്.