ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി ആവര്‍ത്തിച്ചു. എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് ആന്റണി നിലപാട് വ്യക്തമാക്കിയത്.കേരളത്തിലെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ആന്റണി പറഞ്ഞു. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്ങ്ങളല്ല നിലവിലുള്ളതെന്നും തന്റെ ഇടപെടലിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ആന്റണി മുകുള്‍ വാസ്നിക്കിനെ അറിയിച്ചു.

കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയെ വിളിക്കണമെന്ന് അടുത്തിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനുമടക്കമുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സംസ്ഥാത്തേക്ക് പുറപ്പെടും മുന്‍പ് മുകുള്‍ വാസ്നിക് ആന്റണിയെ കണ്ടത്.