Mohanlal-Thiranottam-mykeralanews

വിവാദങ്ങളെ തുടര്‍ന്ന് കെഎസ്എഫ്ഡിസിയില്‍ നിന്ന് സ്വന്തമാക്കിയ ക്യാമറ തിരികെ നല്‍കാമെന്ന് മോഹന്‍ലാല്‍. സിനിമാ ജീവിതത്തിലെ തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറയാണ് തിരിച്ച് നല്‍കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചത്.പുരാവസ്തു എന്ന നിലയില്‍ ലേലത്തിന് വച്ചാല്‍ കോടികള്‍ ലഭിക്കാവുന്ന വസ്തു ചട്ടവിരുദ്ധമായാണ് നടന് നല്‍കിയെതെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട ജി ഹരികുമാര്‍ വിജിലന്‍സില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഏറെ മോഹിച്ച് സ്വന്തമാക്കിയ ക്യാമറ തിരികെ നല്‍കാന്‍ ലാല്‍ സന്നദ്ധനായത്. മുഖ്യമന്ത്രി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ വച്ചാണ് ക്യാമറ സ്വന്തമാക്കാനുള്ള ആഗ്രഹം മോഹന്‍ലാല്‍ അറിയിച്ചത്. തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന ക്യാമറ മോഹന്‍ ലാലിന് നല്‍കി. മറ്റൊരു ക്യാമറ പകരം നല്‍കിയാണ് കെഎസ്എഫ്ഡിസിയുടെ ശേഖരത്തിലുള്ള ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. എന്നാല്‍, കെഎസ്എഫ്ഡിസിയുടെ ശേഖരത്തിലുള്ള ക്യാമറ പൊതുസ്വത്തായതിനാല്‍ ലേലം വിളിക്കാതെ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ലാല്‍ ക്യാമറ തിരികെ നല്‍കാമെന്ന് അറിയിച്ചത്.

അതേസമയം ലാല്‍ ക്യാമറ സ്വന്തമാക്കിയതില്‍ ഒരു അപാകതയുമില്ലെന്നും അത് തിരിച്ച് നല്‍കേണ്ടതില്ലെന്നും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ വ്യക്തമാക്കി.കേസ് റജിസ്റ്റര്‍ ചെയ്തവര്‍ അതുമായി മുന്നോട്ട് പോവട്ടെയെന്നും അദ്ദേഹം പറഞ്ഞു.കെഎസ്എഫ്ഡിസിയെ സംബന്ധിച്ച് ആ ക്യാമറ പ്രവര്‍ത്തിക്കാത്ത ഒരു പഴയവസ്തുമാത്രമാണ്, പ്രവര്‍ത്തനക്ഷമമല്ലാത്തതും വിപണിയില്‍ നിന്നു തന്നെ അപ്രത്യക്ഷമായതുമായ ക്യാമറയാണ് ഇത്. ഇത് ലേലത്തില്‍ വെയ്ക്കണമായിരുന്നുവെന്നാണ് ആളുകള്‍ വാദിയ്ക്കുന്നത്. ലേലത്തില്‍ വച്ചാല്‍ത്തന്നെ ഇതാരാണ് വാങ്ങുക? 100 വര്‍ഷത്തിലധികം പഴക്കമുള്ള വസ്തുക്കളാണ് പുരാവസ്തു വിഭാഗത്തില്‍ പെടുന്നത്. 1978സെപ്റ്റംബറില്‍ ആയിരുന്നു തിരനോട്ടം സിനിമ ഇറങ്ങിയത്. 1976-ല്‍ ഇറങ്ങിയ ആരീസ്ടുബി ക്യാമറയിലാണ് ഈ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ലാലിന് അതിനോട് ഒരു വൈകാരിക അടുപ്പമുണ്ട്. ആ പഴയ പ്രവര്‍ത്തിയ്ക്കാത്ത ക്യാമറയ്ക്ക് പകരമായി ലാല്‍ വാങ്ങിനല്‍കിയിരിക്കുന്നത് പുത്തന്‍ ക്യാമറയാണ്-സാബു ചെറിയാന്‍ പറയുന്നു.