ഒട്ടാവ: പാകിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ പൗരത്വം നല്‍കി ആദരിക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല യൂസാഫ്‌സായി നടത്തിയ പോരാട്ടം ധീരവും ആവേശകരവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നെല്‍സണ്‍ മണ്ഡേലയ്ക്കും മ്യാന്‍മറിലെ പോരാട്ട വനിത ഓങ് സാന്‍ സൂ ചിയ്ക്കുമൊപ്പം വിദേശ പൗരത്വം നല്‍കി ആദരിക്കപ്പെടുന്ന വിശിഷ്ട വ്യക്തിത്വങ്ങളില്‍ മലാലയും ഉള്‍പ്പെടും. ദുഷ്ടശക്തികളുടെ ആക്രമണത്തിന് ഇരയായ മലാല ഇപ്പോള്‍ അവര്‍ക്കെതിരെ ശക്തമായി സംസാരിക്കുന്നുവെന്നും സര്‍ക്കാര്‍ വിലയിരുത്തി.
താലിബാന്റെ മുന്നറിയിപ്പ് അവഗണിച്ചും പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ച മലാലയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റത്. ലണ്ടനില്‍ നടത്തിയ വിദഗ്ധ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.