മിനാ: ഹജ്ജ് കര്‍മ്മത്തിന് നാളെ തിരശ്ശീല വീഴും. വ്യാഴാഴ്ച കല്ലെറിയല്‍ കര്‍മം നിര്‍വഹിച്ചുമടങ്ങുന്ന ഹാജിമാര്‍ സൂര്യാസ്തമയത്തിനുമുമ്പായി മിനായുടെ ഭൂമിശാസ്ത്ര അതിരുകള്‍ പിന്നിടണം. പിന്നെ മക്കയില്‍ എത്തി വിടവാങ്ങല്‍ പ്രദക്ഷിണവും ഉണ്ട്. വെള്ളിയാഴ്ചയിലെ കല്ലെറിയല്‍കൂടി കഴിയുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പൂര്‍ണസമാപനമാവും.

സൗദി സര്‍ക്കാരിന്റെ കണക്കുപ്രകാരം ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജില്‍ പങ്കെടുത്തവരുടെ എണ്ണം 19,80,249 ആണ്. ഇതില്‍ 13,79,531 ആളുകള്‍ വിവിധ നാടുകളില്‍നിന്ന് വന്നവരും 6,00,718 പേര്‍ സ്വദേശികളുമാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 37.4 ശതമാനം ഹാജിമാരുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്.

കരിപ്പൂരിലേക്കുള്ള മലയാളി ഹാജിമാരുടെ ആദ്യ സംഘം 31-ന് അര്‍ധരാത്രി പുറപ്പെട്ട് നവംബര്‍ ഒന്നിന് എത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖാന്തരമുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കം ഒക്ടോബര്‍ 20-ന് തുടങ്ങും. ജിദ്ദയില്‍നിന്നുള്ള ആദ്യ വിമാനം ഗോവയിലേക്കാണ്. മദീനയില്‍നിന്നുള്ള ആദ്യവിമാനം 26-ന് ഗയയിലേക്ക് പുറപ്പെടും. അവസാന വിമാനം പതിനഞ്ചിനാണ്. കരിപ്പുര്‍ ഹാജിമാരുടെ മദീന സിയാറത് ഹജ്ജിനുമുമ്പ് നടന്നിട്ടില്ല.