തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയാല്‍ പ്രൊബേഷന് മുമ്പായി മലയാളം യോഗ്യതാ പരീക്ഷ പാസാകണമെന്ന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നൂറ്ദിന കര്‍മ്മപരിപാടിയില്‍ പെടുത്തിയായിരുന്നു ഈ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.ഭാഷാന്യൂനപക്ഷങ്ങളുടെ ആവശ്യപ്രകാരമായിരുന്നു ഇത്.പിഎസ്‌സിയും പൊതുഭരണവകുപ്പും അംഗീകരിച്ച ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിഎസ്‌സിയുടെ അംഗീകാരം നേടിയതിനു ശേഷമായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ഔദ്യോഗിക ഭാഷാവകുപ്പ് നേരത്തേ ഉത്തരവ് പുറത്തിറക്കിയത്.

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനപ്രായം 41 വയസാക്കാനും 637 താത്കാലിക തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ പ്രായം 41 ആക്കാനും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒബിസി വിഭാഗത്തിന് 44ഉം, എസ്‌സി-എസ്ടി വിഭാഗത്തിന് 48ഉം ആയിരിക്കും പുതിയ ഉത്തരവ് പ്രകാരമുള്ള പ്രായപരിധി ഇളവ്.