കോട്ടയം: തന്നെ കൂച്ചുവിലങ്ങിടാന്‍ ആരും ശ്രമിക്കേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മന്ത്രിസഭാ യോഗത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നതിന് പിന്നാലെ കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തന്റെ പോരാട്ടം തെറ്റിനെതിരെയാണെന്നും അത് എന്നും തുടരുമെന്നും ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.ക്യാബിനറ്റില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാരുണ്ട്. ഇവരെയാണ് ആദ്യം കണ്ടെത്തേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തനിക്കെതിരെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിക്കുന്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാകുമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോർജ് ചോദിച്ചു. പക്ഷേ മുഖ്യമന്ത്രിയുടെ ജനസന്പർക്ക പരിപാടി ഒരു കാരണവശാലും തടയാൻ പാടില്ല.
ആരു വിമർശിച്ചാലും തന്റെ നിലപാടിൽ മാറ്റമില്ല. നീതിക്കുവേണ്ടിയാണ് താൻ പോരാടുന്നത്. താൻ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെ വിമർശിച്ചുവെന്ന ആരോപണമുയർന്നതെന്ന് പി.സി.ജോർജ് പറഞ്ഞു.
എരുമേലിയില്‍ സബ്‌സ്‌റ്റേഷന് തറക്കല്ലിട്ടതിന് ശേഷം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ അത് ആര്യാടനെതിരെയുള്ള വ്യക്തിഗത വിമര്‍ശനമല്ല. രണ്ടു വര്‍ഷക്കാലം വൈദ്യുതി മന്ത്രിയായി പിണറായി നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെയാണ് താന്‍ അഭിനന്ദിച്ചതെന്നും ജോര്‍ജ്് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത് താനാണെന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

100 രൂപ പിരിച്ചാല്‍ 80 രൂപ പോക്കറ്റിലിടുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സുകാരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മറ്റു തര്‍ക്കങ്ങളൊന്നുമില്ല. തന്നെ കൊല്ലാന്‍ വന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. നടപടിയെടുക്കും വരെ ഇതുതുടരുമെന്നും അദ്ദേഹം പറഞ്ഞു.