ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളിലെ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നലെ മുതല്‍ നടപ്പിലായി.പത്തുദിവസത്തിനിടെ രണ്ടാം തവണയാണ് ഈ തീവണ്ടികളിലെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്.ഒക്ടോബര്‍ ഏഴിന് എല്ലാ തീവണ്ടികളിലെയും ടിക്കറ്റ് നിരക്ക് രണ്ടു ശതമാനം കൂട്ടിയപ്പോള്‍ ഇവയിലേതും കൂട്ടിയിരുന്നു. ഈ തീവണ്ടികളിലെ ഭക്ഷണസാധനങ്ങളുടെ വില രണ്ടുമുതല്‍ നാലുരൂപവരെ വര്‍ധിപ്പിച്ചതാണ് നിലവില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണം. ഭക്ഷണത്തിനുള്ള തുകയടക്കമാണ് ഇവയില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനിയിലെ സെക്കന്‍ഡ് ക്ലാസ് എ.സി.യിലെ പുതിയ നിരക്ക് 4,289 രൂപയാണ്. ന്യൂഡല്‍ഹി-ചെന്നൈ രാജധാനിയിലെ സെക്കന്‍ഡ് ക്ലാസ് എ.സി.യിലെ പുതുക്കിയ നിരക്ക് 3,385 രൂപയും മുംബൈയിലേക്കുള്ളതിലേത് 2,510 രൂപയുമാണ്.രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍, പുതുക്കിയ നിരക്കനുസരിച്ചുള്ള അധിക തുക ഒക്ടോബര്‍ 17 മുതല്‍ ടി.ടി.ഇ.മാരെ ഏല്‍പ്പിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ ഈ തീവണ്ടിയിലെ ഭക്ഷണസാധനങ്ങളുടെ നിരക്ക് കൂട്ടുന്നത്.പ്രതിവര്‍ഷം 3.3 കോടി ഊണ് ഈ തീവണ്ടികളില്‍ വില്‍ക്കുന്നുണ്ട്. ഈ തീവണ്ടികളിലെ 90 ശതമാനം യാത്രക്കാരും സെക്കന്‍ഡ് ക്ലാസ്, തേഡ് ക്ലാസ് എ.സി.യിലും ചെയര്‍കാറിലും യാത്രചെയ്യുന്നവരാണ്.