ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ പുറത്തുവിട്ട നീര റാഡിയ ടേപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വകാര്യ വ്യക്തികള്‍ ലാഭം ഉണ്ടാക്കുന്നതിന് അഴിമതി നടത്തിയെന്ന് വ്യക്തമായതായി സുപ്രീംകോടതി പറഞ്ഞു. നീരാ റാഡിയാ ടേപ്പിലൂടെ വെളിപ്പെട്ട ചില കാര്യങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി നേരത്തെ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

റാഡിയ ടേപ്പുകള്‍ പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് വ്യവസായിയായ രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോര്‍പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ രാഷ്ട്രീയക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഇടയില്‍ നടത്തിയ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പ് 2ജി അടക്കം നിരവധി കേസുകളുടെയും പല രാഷ്ട്രീയ നാടകങ്ങളുടേയും സത്യാവസ്ഥ പുറത്തു കൊണ്ടുവന്നിരുന്നു.