കൊച്ചി: എറണാകുളത്ത് മുത്തച്ഛന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഒന്നരവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുത്തശൻ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ് അവശ നിലയിലായ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അയല്‍വാസിയാണ് മര്‍ദ്ദനമേറ്റ് അവശ നിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.കഴിഞ്ഞ അഞ്ചു ദിവസമായി കുട്ടിയുടെ മുത്തച്ഛനായ ജോയ് കുട്ടിയെ മര്‍ദ്ദിച്ച് വരികയായിരുന്നെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടു പിന്നാലെ ആശുപത്രിയിലെത്തിയ മുത്തച്ഛന്‍ കുട്ടി വീണാണ് പരുക്ക് പറ്റിയതെന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വീണതല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ള കുട്ടിയുടെ ചുണ്ടും മുറിഞ്ഞിട്ടുണ്ട്. കുട്ടി അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.വിദേശത്തുള്ള കുട്ടിയുടെ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയെ മര്‍ദ്ദിച്ചതിന് പിന്നിലെ കാരണം അറിയുന്നതിനായി മുത്തച്ഛന്‍ ജോയിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.