തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ട പരിപാടിക്കെതിരെ ഇടതു പക്ഷ സംഘടനകള്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കന്റോണ്‍മെന്റ് ഗേറ്റിനടുത്ത് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവാന്‍ തുടങ്ങി. സമരം അവസാനിപ്പിക്കുന്നതായി സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ സമരം ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആയിരങ്ങളാണ് പരാതികളുമായി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.രാവിലെ ഒമ്പത് മണിക്ക് പരിപാടി ആരംഭിച്ചു. സോളാർക്കേസിൽ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്ന ഇടതുമുന്നണി തീരുമാനപ്രകാരം നൂറുകണക്കിന് പ്രവർത്തകർ സെൻട്രൽ സ്റ്റേഡിയത്തിനുചുറ്റും പ്രതിഷേധമുയർത്തിയത്. സ്റ്റേഡിയത്തിലേക്ക് കടക്കാതെ ഇടത് ജനപ്രതിനിധികളെയും പ്രവർത്തകരെയും പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ജനസമ്പർക്ക പരിപാടിയുടെ ക്ഷണക്കത്തുമായി വന്ന എം.പിമാർ, എം.എൽ.എമാർ, കൗൺസിലർമാർ തുടങ്ങിയ ഇടതുജനപ്രതിനിധികളെ സെക്രട്ടേറിയറ്റ് അനക്സ് ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞു. എ.സമ്പത്ത് എം.പി ഇതിനെ ചോദ്യം ചെയ്ത് കയർത്തെങ്കിലും പൊലീസ് അനങ്ങിയില്ല. തുടർന്ന് അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടന്നാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുജന സമ്പർക്ക വേദിയിലെത്തിയത്. കേന്ദ്രമന്ത്രി ഡോ. ശശി തരൂർ, മന്ത്രി കെ.സി.ജോസഫ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പൊലീസ് അദ്ദേഹത്തിന് സുരക്ഷാവലയം തീർത്തു. ചികിത്സാസഹായത്തിനുള്ള അപേക്ഷകരെയാണ് മുഖ്യമന്ത്രി ആദ്യം കണ്ടത്. മൂന്നുനാല് മിനിട്ട് ഒരാൾക്കുവേണ്ടി മുഖ്യമന്ത്രി ചെലവഴിച്ചു. 14,957 പരാതികളാണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുന്നത്. ഉദ്യോഗസ്ഥതലത്തിൽ തീർപ്പാക്കിയ പരാതികളിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യും. മുഖ്യമന്ത്രി തന്നെ തീർപ്പാക്കേണ്ട 565 പരാതികളിലും ജനസമ്പർക്ക പരിപാടിയിൽ തീർപ്പുണ്ടാക്കും. സമയം വൈകിയാലും അവസാനത്തെ പരാതിക്കാരനെയും കണ്ടിട്ടേ മടങ്ങൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് സെൻട്രൽ സ്റ്റേഡിയത്തിലും പുറത്തും ഏർപ്പെടുത്തിയത്. നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്റ്റേഡിയത്തെ അഞ്ചുസോണുകളാക്കി തിരിച്ചാണ് സുരക്ഷ. ഏഴ് സൂപ്രണ്ടുമാരാണ് ഇതിന് നേതൃത്വം നൽകുന്നത്. പ്രധാന പോയിന്റുകളിലെല്ലാം ബാരിക്കേഡ് ഉയർത്തിയിട്ടുണ്ട്. പരാതിക്കാരെ പ്രസ് ക്ളബ് ഗേറ്റിലൂടെയാണ് പൊലീസ് കടത്തിവിട്ടത്. എ.ഡി.ജി.പി എ. ഹേമചന്ദ്രനാണ് സുരക്ഷാചുമതലയുടെ മേൽനോട്ടം.