തൂത്തുക്കുടി:ആയുധങ്ങളുമായി അനുമതിയില്ലാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ അറസ്റ്റുചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് പോലീസാണ് ഇന്ന് പുലര്‍ച്ചെ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. 35 എ.കെ 47 തോക്കുകളും 6,600 തിരകളും കപ്പലില്‍ നിന്ന് കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാംദിവസവും ക്യുബ്രാഞ്ച് കപ്പല്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തമിഴ് നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശമന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ഏജന്‍സിയുടെ കപ്പല്‍ ആയതിനാല്‍ സിബിഐ മുഖേന ഇന്റര്‍പോളിന്റെ സഹായം കേസന്വേഷണത്തിന് ആവശ്യപ്പെട്ടേയ്ക്കും.

തുത്തുക്കുടി തുറമുഖത്തുനിന്നും 10.48 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി.
അനുമതിയില്ലാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച കപ്പലില്‍ ആയുധങ്ങള്‍ കടത്തിയതും ഗുരുതരമായ കുറ്റമാണ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി വാങ്ങുമ്പോള്‍ തന്നെ ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം അനുമതി വാങ്ങണം. രാജ്യാന്തര ജലാതിര്‍ത്തിയിലൂടെ പോകുമ്പോള്‍ത്തന്നെ ബന്ധപ്പെട്ട രാജ്യങ്ങളെ വിവരം അറിയിക്കണം.കപ്പൽ, ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഇന്ത്യൻ കടലിൽ ഒരു മാസം കറങ്ങിയിരുന്നു. അമേരിക്കൻ കമ്പനി അഡ്‌വാൻ ഫോർട്ടിന്റെതാണ് കപ്പൽ.

കപ്പൽ ആഗസ്റ്റ് 23 ന് കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. മൂന്നു ദിവസമാണ് അവിടെ കിടന്നത്. അന്ന് സുരക്ഷാ സേന കപ്പൽ പരിശോധിച്ചുമില്ല. മൂന്നു ദിവസം കഴിഞ്ഞ് അവർ ഷാർജയ്‌ക്ക് പോയി. വീണ്ട‌ും ഇന്ത്യൻ കടലിലേക്ക് വന്നു.സെപ്തംബർ രണ്ടാം വാരം ഇന്ത്യൻ കടലിൽ വീണ്ടും കയറിയതാണ് ഈ കപ്പൽ. ഇതിനിടെ തീരദേശ രക്ഷാസേന പലകുറി ഈ കപ്പൽ കണ്ടു. പക്ഷേ പരിശോധിച്ചില്ല.ഒക്ടോബർ 11നാണ് കപ്പൽ പിടിച്ചത്. തൂത്തുക്കുടി തുറമുഖത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ പിടിച്ചത്.കടല്‍കൊള്ളക്കാരില്‍ നിന്ന് വാണിജ്യ കപ്പലുകളെ രക്ഷിക്കാനാണ് കടലില്‍ റോന്ത് ചുറ്റുന്നതെന്ന കപ്പല്‍ അധികൃതരുടെ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഉള്‍ക്കടലില്‍ റോന്ത് ചുറ്റാന്‍ സ്വകാര്യ കപ്പലുകള്‍ക്ക് ഇന്‍റര്‍ നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിട്ടില്ല.