കൊച്ചി: വീട്ടുചുമരുകള്‍ക്കുള്ളില്‍ നിന്ന്‌ യൂ ട്യൂബ്‌ വഴി മലയാളികളുടെ ഇഷ്‌ട ഗായികയായ ചന്ദ്രലേഖയുടെ ശബ്‌ദം ഇനി സിനിമയിലും. ചന്ദ്രലേഖയുടെ ഗാനം വെള്ളിത്തിരയില്‍ ആദ്യമെത്തുന്നത്‌ എം. പ്രശാന്തിന്റെ ലൗ സ്‌റ്റോറി എന്ന സിനിമയിലൂടെയാണ്‌. സിനിമയിലെ തന്റെ അരങ്ങേറ്റത്തിന്‌ ഇന്നലെ കൊച്ചി പാലാരിവട്ടത്തുള്ള ഫ്രെഡീസ്‌ സ്‌റ്റുഡിയോയില്‍ എത്തിയ ചന്ദ്രലേഖ അമ്പരപ്പു നിറഞ്ഞ നിമിഷങ്ങളിലൂടെയാണെങ്കിലും തന്റെ ആദ്യ ഗാനത്തിന്റെ ആദ്യ പകുതി ഭംഗിയാക്കി. പാട്ടിന്റെ ബാക്കി ഭാഗം ഇന്നു നടക്കുന്ന റെക്കോര്‍ഡിങ്ങോടെ പൂര്‍ത്തിയാകും.ചിത്രത്തിലെ യുഗ്മഗാനത്തില്‍ ചന്ദ്രലേഖയുടെ ശബ്ദത്തിനൊപ്പം കേള്‍ക്കുക ഹരിഹരന്റെ ശബ്ദമാവും.

ശ്രേയ ഘോഷലിനെക്കൊണ്ട്‌ പാടിക്കാന്‍ സംഗീത സംവിധായകന്‍ ഡേവിഡ്‌ സോണ്‍ കരുതിവച്ചിരുന്ന ഗാനമാണ്‌ പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ ചന്ദ്രലേഖ എന്ന വീട്ടമ്മയുടെ ശബ്‌ദത്തില്‍ വെള്ളിത്തിരയിലെത്തുക.സുധി കൃഷ്‌ണനാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളത്‌.

കണ്‍കളാലൊരു കവിതയെഴുതാന്‍, നിന്നുവോ കിളിവാതിലില്‍, വെണ്ണിലാനറു ചിരിയുമായി നീയുമകലെ… എന്ന വരികള്‍ ചന്ദ്രലേഖ പാടുന്നതുകേള്‍ക്കാന്‍ സിനിമാ സംവിധായകന്‍ സിബിമലയില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌റ്റുഡിയോയില്‍ എത്തിയിരുന്നു. അപ്രതീക്ഷിതമായി സിബി മലയിലിനെ കണ്ടതോടെ തരിച്ചുപോയ ചന്ദ്രലേഖ പക്ഷെ തുടക്കക്കാരിയുടെ പതര്‍ച്ചകളേതുമില്ലാതെ ഗാനത്തിന് ശബ്ദം പകര്‍ന്നു. തികഞ്ഞ മികവോടെ ‘രാജഹംസമേ’ ആലപിച്ച ചന്ദ്രലേഖ അവസരങ്ങള്‍ ലഭിക്കാതെ പോകുന്ന അനേകം മികച്ച ഗായകരില്‍ ഒരാളാണെന്ന് സിബി മലയില്‍ പറഞ്ഞു. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഫേസ്ബുക്കില്‍ ചര്‍ച്ചയായതോടെയാണ് വാര്‍ത്തയായത്.

 

ഇതിനോടകം നിരവധി സിനിമാ നിര്‍മ്മാണ കമ്പനികളും സംവിധായകരും ചന്ദ്രലേഖയെക്കൊണ്ട്‌ പാടിക്കാന്‍ താല്‍പര്യപ്പെട്ട്‌ മുന്നോട്ടുവന്നുകഴിഞ്ഞു.

ചമയം എന്ന ചിത്രത്തില്‍ കെ.എസ്‌. ചിത്ര പാടിയ രാജഹംസമേ… എന്ന പാട്ട്‌ ചന്ദ്രലേഖയുടെ ശബ്‌ദത്തില്‍ യൂ ട്യൂബിലൂടെ കേട്ട നൂറുകണക്കിനാളുകളാണ്‌ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ യുവതിയെ വിളിച്ചുകൊണ്ടിരിക്കുന്നത്‌. ഭര്‍ത്താവിന്റെ അനുജന്‍ തന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ ചെയ്‌ത പാട്ടാണ്‌ യൂ ട്യൂബില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌.വടശേരിക്കര സ്വദേശിയും എല്‍.ഐ.സി. ജീവനക്കാരനുമായ രഘുനാഥിന്റെ ഭാര്യയാണ്‌ ചന്ദ്രലേഖ. മകന്‍: ശ്രീഹരി