ന്യൂഡല്‍ഹി: ഡാറ്റാ സെന്റർ റിലയൻസിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ അഡ്വക്കേറ്റ് ജനറൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കില്ല. ഇക്കാര്യം തിങ്കളാഴ്ച കേസ് പരിഗണിക്കുന്പോൾ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ സുപ്രീംകോടതിയെ അറിയിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എ.ജി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനാവശ്യ കീഴ്‌വഴക്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നും അഭിഭാഷകന്‍ മുഖേന വിശദീകരിക്കും.

കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചതായി കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അറ്റോണി ജനറൽ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. പിന്നീട് കേസ് പരിഗണിച്ചപ്പോൾ സി.ബി.ഐ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചു കൊണ്ട് ചീഫ് സെക്രട്ടറി ഇ.കെ.ഭരത‌്‌ഭൂഷൻ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജനറലിന് പകരം ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചത് എന്തു കൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്നാണ് എ.ജി സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.