2013 ജൂലായ് – സപ്തംബര്‍ കാലയളവില്‍ ഗൂഗിളിന്റെ ലാഭം 297 കോടി ഡോളര്‍ (18,000 കോടി രൂപ) ആണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗൂഗിളിന്‍റെ ഓഹരിമൂല്യത്തില്‍ റിക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. ഗൂഗിളിന്റെ ഓഹരിയൊന്നിന് 941 ഡോളര്‍ (57,400 രൂപ) ആണ് വ്യാഴാഴ്ചത്തെ മൂല്യം.
ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമനായ ഗൂഗിളിന്റെ കഴിഞ്ഞ പാദത്തിലെ ലാഭം പ്രതീക്ഷിക്കപ്പെട്ട അത്രയും ഉയര്‍ന്നിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എങ്കിലും മോശമല്ലാത്ത പ്രകടനമാണ് ജൂലായ്-സപ്തംബര്‍ സമയത്ത് കമ്പനി കാഴ്ച്ചവെച്ചത്.മൂന്നുമാസ കാലയളവില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. പങ്കാളികള്‍ക്ക് നല്‍കിയ പ്രതിഫലം ഒഴിവാക്കിയാല്‍ കമ്പനിയുടെ വരുമാനം കഴിഞ്ഞ പാദത്തില്‍ 1080 കോടി ഡോളര്‍ (65,880 കോടി രൂപ) ആയിരുന്നു.ഗൂഗിളിന്റെ മൂന്നാംപാദത്തിലെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്, കമ്പനിയുടെ ഓഹരി മൂല്യം ആറു ശതമാനം വര്‍ധിച്ച്, ഓഹരിയൊന്നിന് 941 ഡോളര്‍ ആകുകയായിരുന്നു. താമസിയാതെ ഗൂഗിള്‍ ഓഹരി ആയിരം ഡോളര്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍

‘ഗൂഗിളിന് മറ്റൊരു ശക്തമായ മൂന്നാംപാദമായിരുന്നു ഇത്.ഉത്പന്നങ്ങളുടെ കാര്യത്തില്‍ വന്‍പുരോഗതിയും’ – ഗൂഗിള്‍ മേധാവി ലാറി പേജ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗം മൊബൈലുകളിലേക്ക് കുടിയേറുന്നതാണ് പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ പറ്റാതെ വന്നതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.അതേസമയം, പെയ്ഡ് ക്ലിക്കുകളുടെ തോത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാമുഖ്യം ലാറി പേജ് തന്റെ പ്രസ്താവനയില്‍ എടുത്തുകാട്ടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ 40 ശതമാനം യൂസര്‍മാര്‍ യൂട്യൂബിലെത്തിയത് മൊബൈലുകള്‍ വഴിയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇത് വെറും ആറ് ശതമാനം മാത്രമായിരുന്നു.