കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട വസ്തു തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ബി എസ് എന്‍ എല്ലിനെ കക്ഷിചേര്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെയും എ ജി എതിര്‍ത്തു.വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം സി ബി ഐ അന്വേഷിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ ഇതിന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് എ ജി ആവശ്യപ്പെട്ടു.

പത്തടിപ്പാലം സ്വദേശിനി എ.കെ. ഷെരീഫ, കടകംപിള്ളി സ്വദേശി പ്രേംചന്ദ് നായര്‍ തുടങ്ങിയവരാണ് വസ്തു തട്ടിപ്പുകേസിലെ പരാതിക്കാര്‍. രണ്ടു വ്യക്തികൾ തമ്മിലുള്ള കേസിൽ സി.ബി.ഐ അന്വേഷണം നടത്തിയാൽ സർക്കാരിന് എന്ത് നഷ്ടമാണുള്ളതെന്ന് ജസ്റ്റീസ് ഹാരൂൺ അൽ റഷീദ് ചോദിച്ചു. അതേസമയം സലിംരാജും ഹർജിക്കാരും തമ്മിലുള്ളത് സിവിൽ കേസാണ്. കേസിൽ അന്വേഷണം നടന്നു വരികയാണ്. അതിനാൽ തന്നെ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും എ.ജി അറിയിച്ചു. തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.