ഇടുക്കി: ഒരു ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇടുക്കി കോലാഹലമേട് സ്വദേശികളായ നരാത്തില്‍ പ്രവീണ്‍-ബിജിഷ ദമ്പതികളുടെ മക്കളാണ് കൊല്ലപ്പെട്ടത്. ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുളിമുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രക്തസ്രാവത്തെ തുടർന്ന് ബിജിഷ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ ബിജിഷ പ്രസവിച്ചതായി കണ്ടെത്തി.ഗര്‍ഭം അലസിപ്പോയെന്നും രക്തസ്രാവം നിലയ്ക്കുന്നില്ലെന്നുമായിരുന്നു ഇവര്‍ ആദ്യം അറിയിച്ചത്. പരിശോധനയില്‍ പ്രസവം നടന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ കാര്യം വെളിപ്പെടുത്തി. കുട്ടികളെ കൊണ്ടുവരാനുള്ള ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് ഇവര്‍ കുട്ടികളെ കൊണ്ടുവന്നപ്പോള്‍ കുട്ടികള്‍ മരിച്ച നിലയിലായിരുന്നു.ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. കുട്ടികളെ ഇവര്‍ തന്നെ കൊന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കോട്ടയം,കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.വീട്ടിലെ കുളിമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിജിഷയെയും പ്രവീണിനെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.