ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദന്‍ പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം. വിഎസ്സിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്നാണ് പിബിയുടെ നിലപാട്.പൊളിറ്റ്ബ്യൂറോ കമ്മീഷനെക്കുറിച്ചും ലാവ്‌ലിന്‍ വിഷയത്തെക്കുറിച്ചും സ്വകാര്യ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ വി.എസ് നടത്തിയ വെളിപ്പെടുത്തലുകളാണ് കേന്ദ്ര പ്രസ്താവനയ്ക്ക് ആധാരം.പൊളിറ്റ്ബ്യൂറോ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി പോയതിന് ശേഷം ആദ്യമായിട്ടായിരുന്നു വിഎസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരസ്യമായി തള്ളി രംഗത്ത് വന്നത്. പാര്‍ട്ടി കാര്യങ്ങളില്‍ വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വി.എസ് പരാമര്‍ശിച്ച കാര്യങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്ത് പാര്‍ട്ടി നിലപാട് സ്വീകരിച്ചതാണ്.തീരുമാനമെടുത്ത വിഷയങ്ങളില്‍ വീണ്ടും വി.എസ് പ്രസ്താവന നടത്തുന്നത് അനാവശ്യം അനവസരത്തിലുമുള്ളതാണെന്ന് പി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.