ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ നിധി ശേഖരത്തിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഖനനം തുടങ്ങി. സന്യാസിയായ ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലും ജിയോളജിക്കല്‍ സര്‍വേയുടെ നിഗമനത്തിലുമാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ദൗണ്ഡിയാ ശോഭൻ ശിവ ക്ഷേത്രത്തിലെ മുഖ്യസന്യാസി ശോഭൻ സർക്കാരാണ് ക്ഷേത്രത്തിനു സമീപം സ്വർണത്തിന്റെ വൻ ശേഖരമുണ്ടെന്ന് സ്വപ്നം കണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം കേന്ദ്രസർക്കാരിന് കത്തെഴുതുകയും ചെയ്തു. ഇതിലെ യാഥാർത്ഥ്യമെന്തെന്ന് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റിനോട് കേന്ദ്രം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആർക്കിയോളജിക്കൽ സർവെ (എ.എസ്.ഐ)​ ഖനനവുമായി രംഗത്തിറങ്ങിയത്.

ശക്തമായ മുൻകരുതലോടെയാണ് ഖനനം തുടങ്ങിയത്. നിബിഡമായ വനപ്രദേശമായതുകൊണ്ട് പതിവ് യന്ത്രവൽകൃത രീതികളൊന്നും ഇവിടെ വിലപ്പോവില്ല. വിലപിടിപ്പുള്ള പുരാവസ്തുക്കളുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരമ്പരാഗതമായ രീതിയിൽ രണ്ട് ബ്ലോക്കുകളിലായി പ്രതിദിനം മൂന്നടിയാണ് കുഴിക്കുന്നത്. എ.എസ്.ഐ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്. പത്തടി താഴുന്പോൾ തുടർന്നുള്ള ഖനനം എങ്ങനെ വേണമെന്ന് ആലോചിക്കും.സ്ഥലത്ത് ആയിരം ടൺ സ്വർണമുണ്ടെന്നായിരുന്നു സ്വപ്നദർശനം.സായുധസേന പ്രദേശം മുഴുവൻ വളഞ്ഞിട്ടുണ്ട്. എ.എസ്.ഐ ഉദ്യോഗസ്ഥരും തൊഴിലാളികളുമല്ലാതെ 24 മണിക്കൂറും സ്ഥലത്തുള്ളത് ഒരു എസ്.ഐയും നാല് സായുധരായ പൊലീസുകാരും മാത്രമാണ്.

ഉന്നാവോയിലെ അവസാനത്തെ നാട്ടുരാജാവ് റാവു റാം ബക്‌ഷ് സിംഗ് സ്വപ്നത്തിലെത്തി തന്നോടു പറഞ്ഞ കാര്യമാണ് പുറത്തുവിട്ടതെന്ന് തന്ത്രി പറയുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അപകടത്തിലാണെന്നും നാടിനെ രക്ഷിക്കാൻ ഈ സ്വർണം പുറത്തെടുക്കണമെന്നുമാണത്രെ സ്വപ്നത്തിൽ നിർദ്ദേശിച്ചത്. സ്വർണക്കൊള്ളയുടെ പേരിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം രാജാവിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊല്ലുകയായിരുന്നു.