കൊച്ചി: പ്രശസ്ത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലക്കാട് മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്റ് നഴ്‌സിംഗ് ഹോമിലെ പ്രധാന ഫിസിഷ്യനായിരുന്നു.

വൈദ്യശാസ്ത്ര മഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജനത്തിന്റേയും മകനായി 1930 ഏപ്രില്‍ 10നാണ് അദ്ദേഹത്തിന്റെ ജനനം.കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്‍പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനവും നടത്തി.ശാന്ത അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍.

ചികിത്സാനുഭവം, ദേവായനങ്ങളിലൂടെ , കാവ്യതീര്‍ഥാടനങ്ങള്‍, ഹസ്ത്യായുര്‍വേദം, ദീര്‍ഘായുസ്സും ആയുര്‍വേദവും തുടങ്ങി നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ‘ ആല്‍ബത്തിലെ ഓര്‍മകള്‍ ‘ ആത്മകഥയാണ്. 2009 ല്‍ കേരള സര്‍ക്കാര്‍ ആയുര്‍വേദ ആചാര്യ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.