അബുദാബി: പുതിയ അബുദാബി-ദുബായ് റോഡ്പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അബുദാബി ഗതാഗതവിഭാഗം അറിയിച്ചു.7.4 ബില്യണ്‍ ദിര്‍ഹത്തിന്റെതാണ് പദ്ധതി. പുതിയ പദ്ധതിക്കാവശ്യമായ എന്‍ജിനീയര്‍മാരുടെ നിയമനങ്ങള്‍ നടക്കുകയാണ്. ദുബായ്-അബുദാബി റോഡ് പദ്ധതിയുടെ ആദ്യഘട്ടം 63 കിലോമീറ്റര്‍ ഇ-311, 2.1 ബില്യണ്‍ ദിര്‍ഹത്തിന്‍േറതാണ്.പുതിയ റോഡ് പദ്ധതി ഖലീഫ പോര്‍ട്ടുമായും മുസഫ വ്യവസായ നഗരമായും ഖിസാദുമായും ബന്ധപ്പെടുത്തിക്കൊണ്ടാവും.

ദുബായ്-അബുദാബി റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുക എന്നതാണ് പുതിയ റോഡ് എന്ന തീരുമാനത്തിന്റെ കാരണം. ഇന്നത്തെ കണക്കില്‍ ഒരു മണിക്കൂറില്‍ ശരാശരി 700 വാഹനങ്ങളാണ് പ്രധാനനിരത്ത് വഴി കടന്നുപോവുന്നത്. തിരക്കേറുമ്പോഴത് 12,000 എണ്ണമായി വര്‍ധിക്കുന്ന സാഹചര്യമാണെന്ന് ശാസ്ത്രീയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2,030 ആകുമ്പോഴേക്കും ജനപ്പെരുപ്പവും ഒപ്പം വാഹനപ്പെരുപ്പവും കാരണം റോഡ് ഗതാഗതം പരിപൂര്‍ണമായും സ്തംഭിക്കുന്ന സ്ഥിതിവിശേഷമാണുണ്ടാവുക. അതിനാല്‍ സമാന്തരപാതയുടെ പ്രാധാന്യം വളരെയധികമാണ്. തിരക്കേറിയ റോഡുകളില്‍നിന്ന് സാദിയാത്, യാസ് തുടങ്ങിയ ദ്വീപുകളിലേക്കും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള പുതിയ പാതകളും പദ്ധതിയില്‍ ഉള്‍പ്പെടും.