ന്യൂഡൽഹി: വ്യവസായ പ്രമുഖൻ കുമാരമംഗലം ബിർളയ്ക്ക് കൽക്കരി ലൈസൻസുകൾ അനുവദിച്ചത് ചട്ടങ്ങൾ പാലിച്ചാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അലുമിനിയം കന്പനിയായ ഹിൻഡാൽകോയ്‌ക്ക് ഒഡിഷയിലെ ജാർസുഗുഡ ജില്ലയിലുള്ള താലബിറ-2 എന്ന കൽക്കരി ബ്ളോക്ക് അനുവദിച്ചത് എല്ലാ നിയമങ്ങളും പാലിച്ചാണ്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ശുപാർശ കൂടി കണക്കിൽ എടുത്തായിരുന്നു കൽക്കരി പാടം അനുവദിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2005 നവംബറിലാണ് ഹിൻഡാൽകോ കൽക്കരി ബ്ളോക്ക് നേടിയത്. ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി നെയ്​വേലി ലിഗ്​നൈ​​​റ്റ് കോർപറേഷന് അനുവദിച്ച ബ്ളോക്കാണ് ഹിൻഡാൽകോയ്ക്ക് ലഭിച്ചത്. അന്ന് കൽക്കരി സെക്രട്ടറിയായിരുന്ന പി.സി.പരേഖിനെ ബിർള കണ്ടിരുന്നു. അതിനുശേഷമാണ് ബ്ളോക്ക് ഹിൻഡാൽകോയ്​ക്ക് ലഭിച്ചത്. ഇടപാടിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ ബിർളയെ പ്രതി ചേർത്തിരുന്നു.