കോട്ടയം: വിതുര കേസിന് ഐസ്‌ക്രീം കേസിന്റെ ഗതിയുണ്ടാകരുതെന്ന് കോടതി. വിതുര കേസ് വിചാരണ നടക്കുന്ന കോട്ടയം പ്രത്യേക കോടതിയുടേതാണ് പരാമര്‍ശം.കേസില്‍ പെണ്‍കുട്ടി കൂറുമാറിയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി പരാമര്‍ശം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ പോര. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിതുര കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറിയെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പരിഗണിച്ച ഏഴ് കേസുകളില്‍ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1995ലാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കെ.സി പീറ്റര്‍ , ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.