മാലെ: ശനിയാഴ്ച നടക്കാനിരുന്ന മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന നിമിഷം റദ്ദാക്കി. മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. പ്രോഗ്രസീവ് പാര്‍ടി സ്ഥാനാര്‍ഥി അബുള്ള യാമീനും ജുംരൂഹി പാര്‍ടി സ്ഥാനാര്‍ഥി ഗാസിം ഇബ്രാഹിമും വോട്ടര്‍പട്ടിക അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ശനിയാഴ്ച രാവിലെ ഏഴരയ്ക്കുമുമ്പ് എല്ലാ സ്ഥാനാര്‍ഥികളും വോട്ടര്‍പട്ടികയില്‍ ഒപ്പുവച്ചില്ലെങ്കില്‍ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായി മൂന്നാഴ്ചയോ 21 ദിവസമോ വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് ഫൗദ് തൗഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്രമക്കേടുകളെത്തുടര്‍ന്ന് സപ്തംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. ഒക്ടോബര്‍ 20 നകം വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും പ്രധാന പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദിന് 45 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. അഞ്ചുശതമാനം വോട്ടുലഭിച്ച പ്രസിഡന്റ് മുഹമ്മദ് വഹീദ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറി. മുന്‍ പ്രസിഡന്റ് നഷീദിനെതിരെ രണ്ടുപേര്‍ ഇനിയും മത്സര രംഗത്തുണ്ട്.