മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവര്‍ മികച്ച ഫോമിലാണ്. ഓസീസ് ബാറ്റിംഗ് നിരയും മികച്ച ഫോമിലാണ്. ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ തുരുപ്പുചീട്ട്.

മൊഹാലിയില്‍ ഇതുവരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. 2007ല്‍ പാകിസ്താനെതിരെ സച്ചിന്‍ നേടിയ 99 റണ്‍സാണ് മൊഹാലിയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന മുന്തിയ സ്‌കോര്‍. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം അഞ്ച് തവണ മാത്രമേ 300ലധികം സ്‌കോര്‍ നേടിയിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയുടെ 351 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൊഹാലിയിലെ ചരിത്രം ഓസീസിന് അനുകൂലമാണ്. ഇവിടെ നടന്ന മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും ഇന്ത്യയെ ഓസീസ് തോല്‍പ്പിച്ചിട്ടുണ്ട്.