കണ്ണൂര്‍ : അനശ്വര ഗാനങ്ങളുടെ സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു തലശേരിയിലെ സഹകരണ ആശുപത്രിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. മൃതദേഹം തലശേരി ടെംപിള്‍ ഗേറ്റിലെ രാഘവന്‍ മാസ്റ്ററുടെ വീടായ ‘ശരവണ’യില്‍ എത്തിച്ചു. നാളെ ഉച്ചയ്ക്കു മൂന്നിനു തലശേരി തലായിയിലാണു സംസ്കാരം. നാളെ രാവിലെ 11 മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

1914ല്‍ കണ്ണൂര്‍ തലശേരിയില്‍ തലായില്‍ എം. കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായാണു രാഘവന്‍ മാസ്റ്ററുടെ ജനനം. ആകാശവാണിയിലൂടെയാണു സംഗീത രംഗത്തു സജീവമാകുന്നത്. തംബുരു ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ആകാശവാണിയിലെത്തിയത്. 1951ല്‍ പുറത്തിറങ്ങിയ പുള്ളിമാനാണ് മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെ ചലച്ചിത്രഗാന രംഗത്തു സജീവമായി.

നീലക്കുയിലിലെ എല്ലാരും ചൊല്ലണു, എങ്ങനെ നീ മറക്കും, കായലരികത്തു, ഉണരുണരൂ, കുയിലിനെത്തേടി, മാനെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. പിന്നീടു ഹിറ്റുകളുടെ നീണ്ട നിരയായിരുന്നു രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, അമ്മയെക്കാണാന്‍, രമണന്‍, കൊടുങ്ങല്ലൂരമ്മ, കള്ളിച്ചെല്ലമ്മ, നിര്‍മാല്യം, മാമാങ്കം, കടത്തനാടന്‍ അമ്പാടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, കാത്തുസൂക്ഷിച്ചൊരു.., മഞ്ഞണിപ്പൂനിലാവില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ നിരവധിയായ ഗാനങ്ങള്‍ മലയാളി ഒരുകാലത്തും മറക്കില്ല.
2010ല്‍ പത്മശ്രീ ലഭിച്ച രാഘവന്‍ മാസ്റ്ററ്‍ക്ക് 1997ല്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരവും ലഭിച്ചിരുന്നു.